എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, 23 September 2011

മാലിന്യസംസ്ക്കരണം വീട്ടില്‍







നഗരത്തില്‍ താമസിക്കുന്നവരുടെ പ്രധാന തലവേദനയാണ് മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തത്. വീട്ടിനുള്ളില്‍ വെയ്ക്കാന്‍ വയ്യ. പുറത്തു വെച്ചാല്‍ മാലിന്യം ശരിയായി ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള അവസരമില്ലായ്മ. ഇങ്ങനെ നിത്യശല്യമായി മാറുന്ന മാലിന്യത്തെ ഫലപ്രദമായി ഇലാതാക്കാവുന്ന മാര്‍ഗമാണ് ബയോഗ്യാസ് പ്ളാന്റുകള്‍. സ്ഥലപരിമിതിയുള്ള വീട്ടിലും ഫ്ളാറ്റുകളിലും സ്ഥാപിക്കാവുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്റുകളും ഇപ്പോള്‍ ലഭ്യമാണ്.



എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ മാലിന്യം വീട്ടില്‍ തന്നെ സംസ്കരിക്കാം. ഇതിനുള്ള ഏറ്റവും മികച്ച ഉപാധിയാണ് ബയോഗ്യാസ് പ്ളാന്റ്. അതില്‍ നിന്നു ഇന്ധനവും വളവും നിര്‍മിക്കാം. വീട്ടിലെ ഉദ്യാനത്തിനോ പച്ചക്കറി തോട്ടത്തിനോ വളം ഉപയോഗിക്കാം. മാലിന്യംപ്ളാന്റില്‍ നിന്നു ലഭിക്കുന്ന ഇന്ധനം ഒരു ചെറിയ കുടുംബത്തിന്റെ പാചകാവശ്യങ്ങള്‍ക്ക് ഉപകരിക്കുകയും ചെയ്യും.
മാലിന്യസംസ്ക്കരണം വീട്ടില്‍ ചെയ്യാം
ജൈവസ്വഭാവമുള്ള എല്ലാ മാലിന്യങ്ങളെയും പ്രയോജനപ്രദമായ രീതിയില്‍ വളമാക്കി മാറ്റാനുള്ള കഴിവ് പ്രകൃതിയ്ക്കുണ്ട്. മുന്‍പൊക്കെ വീടിന്റെ പിന്നാമ്പുറത്തെ തൊടിയില്‍ കുഴി കുത്തി മാലിന്യം നിക്ഷേപിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ന് കുടുംബങ്ങള്‍ക്ക് സ്ഥലലഭ്യത കുറവായതിനാല്‍ അത് സാധിക്കാതെ വരികയാണ്. എന്നാല്‍ പരിമിതമായ സ്ഥലത്തും ഈ പഴയ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. ബയോ-ഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുക വഴി. ജൈവമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനൊപ്പം അതില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കി പാചകത്തിനുപയോഗിക്കാനും സാധിക്കും എന്നതാണ് പ്രകൃതി പരമായ മാലിന്യ സംസ്ക്കരണ രീതിയില്‍ നിന്ന് ഇതിനുള്ള ഗുണം.

ബയോഗ്യാസ് എന്ന ഇന്ധനം

വായു സമ്പര്‍ക്കമില്ലാത്ത അവസ്ഥയില്‍ ബാക്ടീരിയയുടെ സഹായത്താല്‍ ജൈവ മാലിന്യങ്ങള്‍ അഴുകുമ്പോഴുണ്ടാകുന്നതാണ് ബയോഗ്യാസ്. ഓക്സിജന്റെ അസാന്നിധ്യത്തില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഈ വാതകത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് മീഥൈന്‍ ആണ്. ഇത് പാചകവാതകമായി ഉപയോഗിക്കാനാകും. നമുക്ക് തലവേദനയാകുന്ന മാലിന്യത്തില്‍ നിന്നും അടുക്കളയിലെ അത്യാവശ്യങ്ങളിലൊന്നായ പാചകവാതകത്തിന്റെ ഒരു പങ്ക് ഉത്പാദിപ്പിക്കാനാവുന്നു എന്നത് ചെറിയ കാര്യമല്ല. ഇതു വഴി സാമ്പത്തിക മെച്ചവും ലഭിക്കുന്നു. ഇങ്ങനെ കിട്ടുന്ന ഗ്യാസിന് സാധാരണ എല്‍ പി ജിയില്‍ കവിഞ്ഞുള്ള ദുര്‍ഗന്ധം ഇല്ല. മാത്രമല്ല പ്ളാന്റ് വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ടാങ്കിന്റെ പരിസരത്തും ദുര്‍ഗന്ധം ഉണ്ടാകില്ല.

ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കുമ്പോള്‍

ഫിക്സഡ് പോര്‍ട്ടബിള്‍ എന്നിങ്ങനെ രണ്ട് വിധത്തില്‍ പ്ളാന്റുകള്‍ നിര്‍മിക്കാനാകും. പോര്‍ട്ടബിള്‍ പ്ളാന്റുകള്‍ ആവശ്യാനുസരണവും സൌകര്യം അനുസരിച്ചും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കാവുന്നതാണ്.

അധികം മാലിന്യം ഉണ്ടാകുന്ന വീടുകളിലും ഹോസ്റല്‍, കാന്റീന്‍ എന്നിവിടങ്ങളിലും അനുയോജ്യമായത് ഫിക്സഡ് ബയോഗ്യാസ് പ്ളാന്റുകളാണ്. ഭൂമിക്കടിയിലേക്ക് കുഴിയെടുത്ത് ഫിക്സു ചെയ്യുന്ന പ്ളാന്റുകളാണിവ. മാലിന്യത്തിന്റെ അളവനുസരിച്ച് ഫിക്സഡ് പ്ളാന്റുകള്‍ എത്ര വലുപ്പത്തില്‍ വേണമെങ്കിലും നിര്‍മിക്കാം. കൂടുതല്‍ മാലിന്യം സംസ്ക്കരിക്കാമെന്നതും കൂടുതല്‍ ഗ്യാസ് ലഭിക്കുമെന്നതും ഫിക്സഡ് പ്ളാന്റുകളുടെ സവിശേഷതകളാണ്. രണ്ട് മീറ്റര്‍ ക്യൂബിന് മുകളിലേക്കാണ് ഫിക്സഡ് പ്ളാന്റുകള്‍ നിര്‍മിക്കാറ്. മുപ്പത് കിലോ മാലിന്യമാണ് രണ്ട് മീറ്റര്‍ ക്യൂബ് ടാങ്കില്‍ നിക്ഷേപിക്കാവുന്നത്.

പോര്‍ട്ടബിള്‍ പ്ളാന്റുകള്‍ മൂന്ന് കിലോഗ്രാം മുതല്‍ മുകളിലേക്ക് ഒരു ദിവസം ഉണ്ടാകുന്ന അടുക്കള മാലിന്യത്തിന്റെ അളവനുസരിച്ച് എത്ര വലിയ പ്ളാന്റുകള്‍ വേണമെങ്കിലും നിര്‍മിക്കാം. മൂന്ന് കിലോ മാലിന്യത്തിന് അര മീറ്റര്‍ ക്യൂബ് അളവിലുള്ള ടാങ്കാണ് വേണ്ടത്. നാല് കിലോ മാലിന്യത്തിന് മുക്കാല്‍ മീറ്റര്‍ ക്യൂബ്, ആറ് കിലോയ്ക്ക് ഒരു മീറ്റര്‍ ക്യൂബ് എന്നിങ്ങനെ ടാങ്കിന്റെ അളവ് നിശ്ചയിക്കാം. ഇതില്‍ അര മീറ്റര്‍ ക്യൂബ് പ്ളാന്റിന് 7000, മുക്കാല്‍ മീറ്റര്‍ ക്യൂബിന് 10300, ഒരു മീറ്റര്‍ ക്യൂബ് പ്ളാന്റിന് 13500 എന്നീ നിരക്കില്‍ ചെലവ് വരും.

പ്ളാന്റിന് വേണ്ട സാമഗ്രികളുടെ വിലയാണ് ഇത്. ഇതിനോടൊപ്പം ഇന്‍സ്റലേഷന്‍ ചാര്‍ജ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് തുടങ്ങിയവ കൂടി വരുമെങ്കിലും അവ മിതമായിരിക്കും. ഫൈബര്‍ ആണ് പ്ളാന്റ് നിര്‍മ്മാണത്തിന് പ്രധാനമായി ഉപയോഗിക്കുന്ന വസ്തു. എന്നാല്‍ ഫിക്സഡ് പ്ളാന്റുകളും ആറ് കിലോ മുതല്‍ മുകളിലേക്കുള്ള പോര്‍ട്ടബിള്‍ പ്ളാന്റുകളും ചിലവ് കുറഞ്ഞ രീതിയായ ഫെറോസിമന്റ് ടെക്നോളജി ഉപയോഗിച്ചും ചെയ്തെടുക്കാം.

അണുകുടുംബത്തിന് അനുയോജ്യം

ഒരു ചെറിയ കുടുംബത്തിന് ഏറ്റവും യോജിക്കുന്നത് മുക്കാല്‍ മീറ്റര്‍ ക്യൂബ്- ഒരു മീറ്റര്‍ ക്യൂബ് അളവുകളിലുള്ള ടാങ്കുകളായിരിക്കും. പ്രവര്‍ത്തനത്തില്‍ മികവ് ലഭിക്കുന്ന ഏറ്റവും ചെറിയ പ്ളാന്റ് മുക്കാല്‍ മീറ്റര്‍ ക്യൂബ് ടാങ്കിന്റേതാണ്. അര മീറ്റര്‍ ക്യൂബ് ടാങ്കില്‍ മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടക്കുമെങ്കിലും പാചകവാതകം തുടര്‍ച്ചയായി ലഭിക്കുന്നത് കുറവായിരിക്കും. ഇതില്‍ ആവശ്യത്തിന് അളവില്‍ മാലിന്യം ഇട്ട് കൊടുത്താല്‍ അര മുതല്‍ ഒരു മണിക്കൂര്‍ വരെ ഗ്യാസ് ലഭിക്കുമെങ്കിലും ഒന്നിച്ച് ലഭിച്ചെന്ന് വരില്ല. എന്നാല്‍ മുക്കാല്‍ മീറ്റര്‍ ക്യൂബ് ടാങ്ക് ശരിയായി ഉപയോഗിച്ചാല്‍ ഒന്ന് മുതല്‍ ഒന്നര മണിക്കൂര്‍ വരെയും ഒരു മീറ്റര്‍ ക്യൂബ് ടാങ്കില്‍ നിന്ന് ഒന്നര മുതല്‍ രണ്ട് മണി ക്കൂര്‍ വരെയും തുടര്‍ച്ചയായി ഗ്യാസ് ലഭിക്കും. ഇത് സ്ഥലം വളരെ കുറഞ്ഞ വീടുകളിലും ഫ്ളാറ്റുകളിലും വരെ സ്ഥാപിക്കാവുന്ന പദ്ധതിയാണ്.

പ്ളാന്റ് തയാറാക്കുന്നത് എങ്ങിനെ

ഫൈബര്‍ കൊണ്ടുണ്ടാക്കിയ ടാങ്കിനകത്ത് ചാണകലായനി ഒഴിച്ചാണ് മാലിന്യ സംസ്ക്കരണത്തിന് സജ്ജമാക്കുന്നത്. ജൈവവസ്തുക്കള്‍ അഴുകാനിടയാക്കുന്ന ബാക്ടീരിയ ചാണകത്തില്‍ അധികമുണ്ട്. പ്ളാന്റ് ചാര്‍ജ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമേ ഗ്യാസ് ലഭിക്കുകയുള്ളു. പ്ളാന്റിലുള്ള അന്തരീക്ഷവായു പൂര്‍ണ്ണമായും തുറന്ന് വിട്ടതിന് ശേഷമേ സ്റൌ കത്തുകയുള്ളു. ടാങ്കിനോട് ഘടിപ്പിച്ചിരിക്കുന്ന ചെറിയ കുഴല്‍ വഴിയാണ് മാലിന്യം നിക്ഷേപിക്കേണ്ടത്.കുഴലിലൂടെ കടക്കുന്നതോ, കടക്കാവുന്ന വിധത്തില്‍ ചെറുതായി മുറിച്ചോ വേണം മാലിന്യം നിക്ഷേപിക്കാന്‍. മാലിന്യം തുല്യ അളവില്‍ വെള്ളം കൂടി ചേര്‍ത്ത് വേണം നിക്ഷേപിക്കാന്‍. മാലിന്യങ്ങള്‍ ശേഖരിച്ചുവച്ച് ദിവസത്തില്‍ ഒരു സമയത്തു മാത്രം പ്ളാന്റില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. പ്ളാന്റ് അടുക്കളയ്ക്ക് എത്ര അടുത്തായിരിക്കുന്നുവോ അത്രയും സ്റൌവിലേക്കുള്ള ഗ്യാസ് സമ്മര്‍ദം കൂടുകയും തീ നന്നായി കത്തുകയും ചെയ്യും.

ഉപയോഗരീതിയ്ക്കനുസരിച്ച് മികവ്

ഉപയോഗരീതിയ്ക്കനുസരിച്ചായിരിക്കും ബയോഗ്യാസ് പ്ളാന്റിന്റെ പ്രവര്‍ത്തനക്ഷമതയും ആയുസ്സും. പഴങ്ങള്‍ പച്ചക്കറികള്‍ മറ്റ് അടുക്കളമാലിന്യങ്ങള്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം, ചാണകം, കഞ്ഞിവെള്ളം, മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ മുതലായവ പ്ളാന്റില്‍ ഇടാവുന്ന മാലിന്യങ്ങളാണ്. എന്നാല്‍ ലോഹങ്ങള്‍, പ്ളാസ്റിക്ക്, വാഴയില പോലുള്ള എളുപ്പം അഴുകാത്ത ഇലകള്‍, സോപ്പ്, രാസപദാര്‍ത്ഥങ്ങള്‍, മുട്ടത്തോട്, പക്ഷിത്തൂവല്‍, എല്ല് എന്നിവ ടാങ്കില്‍ നിക്ഷേപിക്കരുത്. പ്രയോഗക്ഷമതയെ പ്രതികൂലമായി ബാധിക്കാത്ത കാര്യങ്ങള്‍ ഒഴിവാക്കുകയും വേണ്ട രീതിയില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്താല്‍ മാലിന്യ നിര്‍മാര്‍ജനം എളുപ്പമാകും എന്ന് മാത്രമല്ല ഇന്ധനലാഭവും സാധ്യമാകും.

രാഖി.ജി.


കടപ്പാട് :ദീപിക( സ്ത്രീധനം വാരിക )

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites