ഗ്യാസ്ട്രബിള്‍, വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങി വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഏതു വീട്ടിലും സര്‍വ്വസാധാരണമാണ്. അവയ്‌ക്കൊക്കെയുള്ള പ്രതിവിധി നമ്മുടെ അടുക്കളകളില്‍ തന്നെ പച്ചക്കറിയുടെയോ പലവ്യഞ്ജനത്തിന്റെയോ രൂപത്തില്‍ ഇരുപ്പുണ്ടെന്ന് എത്ര പേര്‍ക്കറിയാം? വയറിന്റെ അസ്വസ്ഥതകളെ നേരിടാന്‍ വീട്ടില്‍ തന്നെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം.
അസിഡിറ്റി മൂലമുണ്ടാകുന്ന പുളിച്ചു തികട്ടല്‍, വയറെരിച്ചില്‍ മുതലായവ മാറാന്‍ കറിവേപ്പില വെള്ളം തൊടാതെ അരച്ചെടുത്ത് കാച്ചിയ ആട്ടിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. അല്പം ജീരകം വറുത്ത് കരിയാറാകുമ്പോള്‍ അതിലേക്ക് വെള്ളമൊഴിച്ച് വാങ്ങി ആറിച്ച് കുടിക്കുന്നതും അസിഡിറ്റിയ്ക്ക് ഉത്തമമായ പ്രതിവിധിയാണ്. കുറച്ച് ദിവസം അടുപ്പിച്ച് ഇവ രണ്ടിലേതെങ്കിലും ചെയ്താല്‍ അസിഡിറ്റി മാറുമെന്നുറപ്പ്. അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍ ദിവസത്തില്‍ പല തവണ കൊത്തമ്പാലയരിയോ പെരും ജീരകമോ ചവച്ചരച്ചു കഴിക്കുന്നതും നല്ലതാണ്.
ഗ്യാസ്ട്രബിളിനും ജീരകം ഒന്നാന്തരം പ്രതിവിധിയാണ്. പുളിയുള്ള മോരില്‍ ജീരകം അരച്ചുകലക്കി കുടിച്ചാല്‍ വായൂ കോപത്തിനു ശമനം ലഭിക്കും. വെളുത്തുള്ളി ചുട്ട് തൊലി നീക്കി കഴിക്കുന്നതും ഉത്തമം. വയറിന്റെ പ്രശ്‌നങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം വീട്ടില്‍ ദാഹശമനിയായി ഉപയോഗിക്കുന്നത് നല്ലതാണ്. അയമോദകം വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസേന കഴിക്കുന്നതും ഗ്യാസ്ട്രബിളിനു നല്ല പ്രതിവിധിയാണ്.
ദഹനക്കേടിനുള്ള പ്രകൃതിദത്തമായ പരിഹാര മാര്‍ഗ്ഗം ഇഞ്ചിയാണ്. ഇഞ്ചിനീരില്‍ അല്പം ഉപ്പു ചേര്‍ത്ത് കഴിച്ചാല്‍ ദഹ്നക്കേട് പമ്പ കടക്കും. മുത്തങ്ങാത്തൊലിയുടെ നീരില്‍ ഇന്തുപ്പ് ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.
വായ്ക്ക് അരുചിയുണ്ടെങ്കില്‍ കടുക്കാത്തോട് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുക. പ്രമേഹരോഗികള്‍ ശര്‍ക്കരയ്ക്കു പകരം ചുക്ക് ചേര്‍ത്ത് കഴിക്കുന്നതാവും നല്ലത്. അല്പം കായം വറുത്ത് പൊടിച്ച് മോരിലോ ചൂടുവെള്ളത്തിലോ കലക്കി കുടിച്ചാല്‍ വിശപ്പില്ലായ്മ മാറും.
കുട്ടികളിലെ കൃമിശല്യം ശമിപ്പിക്കാന്‍ തുളസിച്ചെടിയുടെ വേര് വൃത്തിയായി കഴുകി അരച്ച് ചൂടു വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ഇതിന് ഉത്തമമാണ്.
ചെറുനാരങ്ങാക്കുരു വറുത്ത് പൊടിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് വെള്ളമൊഴിച്ച് തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചു കുടിക്കുന്നത് അമിത ദാഹമകറ്റാന്‍ സഹായിക്കും. രുദ്രാക്ഷം പാലില്‍ അരച്ചു കഴിക്കുന്നതും അമിത ദാഹത്തിന് ഉത്തമ പ്രതിവിധിയാണ്.
എക്കിള്‍ അകറ്റാന്‍ അല്പം പഞ്ചസാര വായിലിട്ട് കുറെശ്ശെയായി അലിയിച്ചു കഴിച്ചാല്‍ മതി. ചെറുപഴം കഴിക്കുന്നതും എക്കിള്‍ മാറാന്‍ സഹായിക്കും
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..