എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday 18 January 2012

മറവിരോഗം അഥവാ മേധാക്ഷയം.


പ്രായമായവരെ ബാധിക്കുന്ന മസ്തിഷ്ക സംബന്ധമായ ഒരു അസുഖമാണ് മറവിരോഗം അഥവാ മേധാക്ഷയം. മറവിയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. സ്ഥലകാല വിഭ്രാന്തി, സംസാരത്തിലും ഭാഷാപ്രയോഗത്തിലുമുള്ള വ്യത്യാസങ്ങള്‍, ചിത്രരചന, വസ്ത്രധാരണം തുടങ്ങിയവ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചിലര്‍ ഇതിനോടൊപ്പം മാനസികരോഗികളുടെ ലക്ഷണങ്ങളും കാട്ടുന്നു. മേധാക്ഷയത്തിന് പല കാരണങ്ങളുണ്ട്. അനേകതരം രോഗങ്ങള്‍ മേധാക്ഷയമായി പ്രത്യക്ഷപ്പെടാം എന്ന് ചുരുക്കം. മേധാക്ഷയത്തിന് കാരണമായ മിക്ക രോഗങ്ങള്‍ക്കും ഇന്ന് ഫലപ്രദമായ ചികിത്സ നിലവിലില്ല. എന്നാല്‍, 20 ശതമാനത്തോളം രോഗികള്‍ക്ക് ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളാണ് മേധാക്ഷയത്തിന് കാരണമായി തീരുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മറവിരോഗം ഉള്ള നൂറുരോഗികളെ പരിഗണിച്ചാല്‍ അവരില്‍ 20 പേര്‍ക്ക് ചികിത്സിച്ചുമാറ്റാവുന്ന രോഗമായിരിക്കും മറവിക്കു കാരണമായിട്ടുണ്ടാവുക. ഒരു രോഗിക്ക് മറവിരോഗം ഉണ്ട് എന്ന് തീരുമാനിച്ചാല്‍ അടുത്തതായി അറിയേണ്ടത് അതു ചികിത്സിച്ച് മാറ്റാന്‍ പറ്റുന്ന രോഗമാണോ എന്നതാണ്.

കൃത്യമായ രോഗനിര്‍ണയത്തിലൂടെ മാത്രമേ ഇത് അറിയാനാകൂ. ചില സാഹചര്യങ്ങളില്‍ സങ്കീര്‍ണ്ണമായ പരിശോധനകളിലൂടെ മാത്രമേ കൃത്യമായ രോഗനിര്‍ണയം സാദ്ധ്യമാവുകയുള്ളൂ. ഇപ്രകാരം സങ്കീര്‍ണ്ണമായ പരിശോധനകള്‍ ചെയ്യാന്‍ പരിമിതികളുള്ള സാഹചര്യത്തില്‍പ്പോലും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയുന്ന രോഗമാണോയെന്ന് കണ്ടുപിടിക്കേണ്ടത് പ്രധാനമാണ്. സൂഡോഡിമന്‍ഷ്യ, എസ്.ഡി.എച്ച്, ടൂമറുകള്‍, മസ്തിഷ്കാഘാതം, തലച്ചോറിലെ ടി.ബി, വിറ്റാമിനിന്റെ കുറവ്, സിഫിലിസ്, മദ്യപാനികളില്‍ കാണുന്ന മറവിരോഗം, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, എന്‍. പി. എച്ച് എന്നിവയാണ് ചികിത്സിച്ചുമാറ്റാന്‍ സാധിക്കുന്ന മേധാരോഗങ്ങള്‍.

പ്രായമായവരിലെ മറവിക്ക് പ്രധാന കാരണമായി കരുതപ്പെടുന്ന അള്‍ഷൈമര്‍ ഡിമന്‍ഷ്യ എന്ന മറവിരോഗം ചികിത്സിച്ചു മാറ്റാവുന്ന മറവിരോഗങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നില്ല. എന്നാല്‍, ഈ രോഗത്തിനും ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗം മൂര്‍ച്ഛിക്കുന്നത് ഒരു പരിധിവരെ തടയാന്‍ ഇവയ്ക്കു സാധിക്കും. എന്നാല്‍, ഇത്തരം മരുന്നുകള്‍ക്ക് രോഗം ഭേദമാക്കാനുള്ള ശേഷി ഇല്ല. ചികിത്സ ഇല്ലാത്ത രോഗങ്ങളാണെങ്കില്‍ പോലും രോഗിക്ക് ഉണ്ടാകുന്ന പെരുമാറ്റത്തിലെ വ്യതിയാനങ്ങള്‍ ചികിത്സിക്കാന്‍ മരുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ചികിത്സ ഉള്ളതായാലും ഇല്ലാത്തതായാലും എല്ലാ മറവിരോഗങ്ങള്‍ക്കും ചികിത്സ അത്യാവശ്യമാണ്.

ഡോ. റോബര്‍ട്ട് മാത്യു
പ്രൊഫസര്‍,
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോളജി
ആലപ്പുഴ മെഡിക്കല്‍കോളേജ്

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites