വീട്ടുവളപ്പില്‍ നന്നായി വളരുന്ന ഒരു പഴവര്‍ഗ വിളയാണ് പപ്പായ. പോഷകമൂല്യം ഏറെയുള്ള ഒരു നാടന്‍ പഴമാണ് ഇത്. പപ്പയ്ക്ക, കപ്പക്ക, ഓമക്ക, കപ്പളങ്ങ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അമേരിക്കയാണ് ജന്മദേശം. ഇതിന്റെ ശാസ്ത്രനാമം: 'കരിക്ക പപ്പയ' എന്നാണ്.
നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണാണ് പപ്പായ കൃഷിക്ക് ഉത്തമം. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരം വരെയുള്ള പ്രദേശങ്ങളില്‍ പപ്പായ വളരും. ശക്തിയേറിയ കാറ്റ് ഇതിന്റെ കൃഷിക്ക് അനുകൂലമല്ല. അനുകൂലമായ താപനില 22- 26 ഡിഗ്രി. വീട്ടുവളപ്പില്‍ നന്നായി വളരുന്ന ഒരു പഴവര്‍ഗമാണ് പപ്പായ.
വാഷിംഗ്ടണ്‍ ഹണി ഡ്യൂ, കൂര്‍ഗ് ഹണി ഡ്യൂ, പൂസ നണ്‍ഹ, പൂസ ജയന്റ് എന്നിവയാണ് പ്രധാന ഇനങ്ങള്‍. സി.ഒ 2, സി.ഒ 5 എന്നിവ പപ്പായിന്‍ ഉത്പാദനത്തിന് യോജിച്ച ഇനങ്ങളാണ്.
പപ്പായയില്‍ ആണ്‍, പെണ്‍ വേവ്വേറെയുണ്ട്. ചെടികള്‍ പൂത്തുകഴിഞ്ഞാല്‍ മാത്രമേ ഇത് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ 10 പെണ്‍ ചെടികള്‍ക്ക് ഒരു ആണ്‍ചെടി എന്ന തോതില്‍ നിലനിറുത്തണം. കൂര്‍ഗ് ഹണിഡ്യൂ എന്ന ഇനത്തില്‍ ആണ്‍, പെണ്‍ പൂക്കള്‍ ഒരേ ചെടിയില്‍ത്തന്നെ കണ്ടുവരുന്നു.
വിത്തു പാകി തൈ പറിച്ചുനടണം. ഏപ്രില്‍- മേയ് മാസങ്ങളില്‍ വിത്ത് പാകാം. ഒരു ഹെക്ടറിന് 250 - 500 ഗ്രാം വിത്ത് ആവശ്യമായി വരും. 4- 6 ആഴ്ച പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പാകമാകും. വേനല്‍ക്കാലത്ത് നനയ്ക്കേണ്ടതാണ്. റിംഗ് ജലസേചനരീതിയാണ് നല്ലത്.
കായയ്ക്ക് 4- 5 കിലോഗ്രാം വരെ തൂക്കം വരും. കറിവയ്ക്കാനായി മൂപ്പെത്തുന്നതിനു മുന്‍പായി പറിച്ചെടുക്കണം. പച്ച പപ്പായയില്‍ ചെറിയ പോറലുകള്‍ ഉണ്ടാക്കിയാല്‍ അതില്‍ നിന്ന് പാല്‍ പോലെ കറ ഒലിച്ചുവരും. ഇത് ശേഖരിച്ചെടുത്ത് ഉണക്കിയാല്‍ കിട്ടുന്നതാണ് പപ്പായിന്‍. ഇത് വളരെയേറെ ഔഷധഗുണമുള്ളതും ച്യൂയിംഗം നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതവുമാണ്.
പപ്പായ കൃഷി പ്രോത്സാഹിപ്പിക്കുന്നതു വഴി കുറഞ്ഞ ചെലവില്‍ ഗുണമേന്മയേറിയ ഒരു പഴവര്‍ഗം നമുക്ക് ലഭിക്കുന്നു.
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..