ആന്‍ഡമാന്‍ ദ്വീപിന്‍റെ അത്ഭുതവും ആവേശവുമായി രാജന്‍ എന്ന ആന. സമുദ്രത്തില്‍ നീന്തുന്ന ലോകത്തിലെ അവസാനത്തെ ആന, അവശേഷിക്കുന്ന തും. രാജന്‍ ദ്വീപിന്‍റെ തീരത്തെത്തിയതിനു പിന്നിലൊരു കഥയുണ്ട്, ഒരിക്കലും ആ ദ്വീപില്‍ നിന്നു പോകാതിരിക്കുന്നതിനു പിന്നിലും ഒരു സ്നേഹത്തിന്‍റെ കഥയുണ്ട്. അങ്ങനെ ഒരുപാടു കഥകളുള്ള ഒരു ആനയായതുകൊണ്ടു തന്നെ ആന്‍ഡമാന്‍ ദ്വീപിലെ ഹാവ്ലോക്ക് ഐലന്‍ഡുകാരുടേയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനാണ് അറുപത്തൊന്നുകാരനായ രാജന്‍. ഒരുപാടു പേരെ വിസ്മയിപ്പിച്ചിട്ടുണ്ട് രാജനും പാപ്പാന്‍ നസ്റൂലും സമുദ്രത്തിലെ നീന്തലിനിടയില്‍ ചെയ്യുന്ന അഭ്യാസങ്ങള്‍...
നാല്‍പ്പതു വര്‍ഷം മുമ്പാണു രാജന്‍ ദ്വീപില്‍ എത്തുന്നത് ലോഗിങ് കമ്പനിയിലെ ജോലിക്കാരനായി. സമുദ്രത്തില്‍ ഒഴുകിനീങ്ങുന്ന മരക്കഷണങ്ങള്‍ വലിച്ചു കരയ്ക്കടുപ്പിക്കലും തടി വലിക്കലുമൊക്കെയായിരുന്നു ജോലി. എന്നാല്‍ 2002ല്‍ ആനകളെക്കൊണ്ട് ഇതു ചെയ്യിപ്പിക്കുന്നതു നിരോധിച്ചു. ആ സമയത്ത് ഇരുനൂറിലധികം ആനകളാണു മെയ്ന്‍ലാന്‍ഡായ ഇന്ത്യയിലേക്കു തിരികെ പോയത്. പക്ഷേ രാജന്‍റെ ഉടമയ്ക്ക് അവനെ തിരികെ അയയ്ക്കുന്നതില്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഹാവ്ലോക്ക് ദ്വീപ് വിട്ട് അവന്‍ പുറത്തു പോകുന്നതു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല അദ്ദേഹത്തിന്. പിന്നീടു സുഖജീവിതം സമുദ്രത്തിലെ നീലജലത്തില്‍ നീന്തിത്തുടിച്ചും ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിച്ചും ജീവിതം മുന്നോട്ടു നീങ്ങി, രാജന്‍റേയും പാപ്പാന്‍ നസ്റൂലിന്‍റേയും. ഇതിനിടെ ദ് ഫാള്‍ എന്ന ഹോളിവുഡ് ചിത്രത്തിലും രാജന്‍ അഭിനയിച്ചു.
പക്ഷേ ആ സമയത്താണു കേരളത്തിലുള്ള ഒരു ക്ഷേത്രം രാജനു വിലയിട്ടത്. നാല്‍പ്പതിനായിരം പൗണ്ടിനു ആ ക്ഷേത്രത്തിന് ആനയെ വില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ അവിടു ത്തെ ഒരു ടൂറിസ്റ്റ് ലോഡ്ജ് രാജനെ കൊണ്ടുപോകുന്നതിനെതിരെ ക്യാംപെയ്നിങ് ആരംഭിച്ചു. അവനെ ഹാവ്ലോക്ക് ദ്വീപില്‍ത്തന്നെ നിലനിര്‍ത്തുന്നതിനായുള്ള പണം കണ്ടെത്താനുള്ള മാര്‍ഗവും തേടി. അങ്ങനെ മുപ്പത്തേഴായിരം പൗണ്ടിനു ഹാവ്ലോക്കിന്‍റെ സ്വന്തമായി രാജന്‍. പക്ഷേ ആ തുക ലോണ്‍ എടുത്താണു സംഘടിപ്പിച്ചത്. ഈ തുക തിരികെ അടയ്ക്കാനുള്ള മാര്‍ഗവും രാജന്‍ തന്നെ കണ്ടെത്തിയതിനു ശേഷമാണ് ഈ കരിവീരന്‍ സ്വസ്ഥജീവിതത്തിന് ഒരുങ്ങുന്നത്.
നസ്റൂലിനോടൊപ്പം രാജന്‍റെ നീന്ത ലും ആഘോഷങ്ങളുമൊക്കെ ടൂറിസ്റ്റ് അട്രാക്ഷനായി. സമുദ്രത്തില്‍ നീന്തുന്ന ആനയുടെ ചിത്രം പകര്‍ത്താനും ഒപ്പം നീന്താനുമൊക്കെ നിരവധി ഫോട്ടൊഗ്രഫര്‍മാര്‍ എത്തി. അവരില്‍ നിന്നൊക്കെ ചെറിയ തുക ഈടാക്കി. ഓഷ്യന്‍ സ്വിമ്മിങ് എലഫെന്‍റിനെ കാണാന്‍ നിരവധി പേരാണു ഹാവ്ലോക്കില്‍ എത്തിയത്. രാജനെ ഹാവ്ലോക്കില്‍ നിലനിര്‍ത്താനായി ലോണ്‍ എടുത്ത തുക തിരികെ അടയ്ക്കാനായിരുന്നു അതില്‍ നിന്നു ലഭിച്ച തുക വിനിയോഗിച്ചത്. മുഴുവന്‍ തുകയും തിരികെ അടച്ച ശേഷമാണു രാജന്‍ വിരമിക്കാന്‍ ഒരുങ്ങുന്നത്. രാജനും നസ്റൂലും ഇനി ഹാവ്ലോക്ക് ദ്വീപിലെ കാടുകളില്‍ സ്വസ്ഥസഞ്ചാരം നടത്തും, തെളിമയാര്‍ന്ന വെള്ളം കണ്ടാല്‍ ചിലപ്പോള്‍ രാജന്‍റെ നീന്തല്‍മോഹങ്ങള്‍ ഉദിക്കുമെന്നും ഉറപ്പ്.
ആനയോടൊപ്പം നീന്തി ചിത്രമെടുക്കുമ്പോള്‍ തന്‍റെ ഫോട്ടൊ എടുക്കുകയാണെന്നു രാജന് അറിയാമെന്ന് പറയുന്നു, ഫോട്ടൊഗ്രഫര്‍ ജോഡി മക്ഡൊണാള്‍ഡ്. ക്യാമറയ്ക്കു വേണ്ടിയാണ് അവന്‍ നീന്തുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ഒരാഴ്ചയോളമാണു രാജനോടൊപ്പം ജോഡി ചെലവഴിച്ചത്. സ്വയം നീന്തണമെന്നു തോന്നാതെ രാജന്‍ വെള്ളത്തില്‍ ഇറങ്ങില്ല എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടു തന്നെ രാജന്‍റെ കൂടെയുള്ള നീന്തല്‍ രസകരമെന്നു ജോഡി പറയുന്നു. രാജന്‍ നീന്തുമ്പോള്‍ കൂടെ പാപ്പാന്‍ നസ്റൂലും ഉണ്ടാകും. രണ്ടു പേരെയും വേര്‍പിരിഞ്ഞു കാണുന്നതു വളരെ അപൂര്‍വം.
ആനയ്ക്ക് ഉപ്പുവെള്ളം ഇഷ്ടമല്ലെന്നും കണ്ണില്‍ പോയാല്‍ അസ്വസ്ഥത ഉണ്ടാകുമെന്നൊക്കെയാണു പൊതുവേയുള്ള ധാരണ. എന്നാല്‍ ഇതൊന്നും രാജനെ ബാധിക്കാറില്ല. നീന്താനായി ജനിച്ചവന്‍ എന്ന മട്ടിലാണ് രാജന്‍റെ ഓരോ സമുദ്രസഞ്ചാരവും..
കടപ്പാട് : മെട്രോ വാര്‍ത്ത
0 comments:
Post a Comment
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..