എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Monday 25 July 2011

കുഞ്ഞിന്‍റെ സംരക്ഷണത്തിന്

അമ്മയ്ക്കു ടാറ്റാ കൊട്, ഡെ കെയറിലെ ആയ പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ ഞാന്‍ തിരിഞ്ഞു നോക്കാറില്ല. അവന്‍റെ മുഖം കാണുമ്പോള്‍ സങ്കടം തോന്നും, കരച്ചില്‍ വന്നിട്ടുണ്ട് ചിലപ്പോള്‍...ഒന്നര വയസുള്ള കുഞ്ഞിനെ ഡെ കെയറില്‍ വിട്ട് ജോലിക്കു പോകുന്നതിന്‍റെ വേദന പങ്കു വയ്ക്കുന്ന ഈ അമ്മയുടെ പേര് എന്തെന്നു പ്രസക്തമല്ല, കാരണം നിരവധി പേരുകള്‍ എഴുതേണ്ടി വരും.

ഒരു കുഞ്ഞിനെ ജീവിതത്തിലേക്കു ക്ഷണിക്കുമ്പോള്‍ പല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നം കുഞ്ഞിനെ നോക്കലും ജോലിയും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുമെന്നതാണ്. കുഞ്ഞിന്‍റെ സംരക്ഷണത്തിന് അത്രയേറെ ശ്രദ്ധ വേണമെന്ന് ആഗ്രഹിക്കുന്നതും അമ്മമാരാണ്. കുഞ്ഞു പിറന്നാല്‍ സ്ത്രീകള്‍ ജോലി ഉപേക്ഷിച്ചു വീട്ടമ്മയാവുന്ന പ്രവണതയാണ് കേരളത്തില്‍ മുമ്പു കണ്ടിരുന്നത്. പക്ഷേ, കാലം മാറി, ഇന്നത്തെ സാഹചര്യത്തില്‍ രണ്ടുപേരും ജോലിക്കു പോയാല്‍ മാത്രമേ നന്നായി ജീവിതം പുലര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കൂ. കുഞ്ഞുങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ സമയമായിട്ടില്ല എന്ന തീരുമാനമെടുക്കാന്‍ ഒരു ചെറിയ ശതമാനം യുവദമ്പതികളെയെങ്കിലും പ്രേരിപ്പിക്കുന്നതും ഇതു തന്നെ. പക്ഷേ, മിക്കവറും സധൈര്യം ഈ ഘട്ടത്തെ നന്നായി കൈകാര്യം ചെയ്യാന്‍ ശീലിച്ചു തുടങ്ങിയിട്ടുണ്ട്.

ഒരു നല്ല അമ്മയാവാന്‍ ജോലി ഉപേക്ഷിച്ചു കുഞ്ഞിനേയും പരിചരിച്ച് വീട്ടിലിരിക്കണം എന്നൊരു പൊതുധാരണ ശക്തമാണ്. പക്ഷേ, ജോലി ചെയ്യുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് സാധാരണ കുഞ്ഞുങ്ങളില്‍ നിന്ന് യാതൊരു വ്യത്യാസവും ഉള്ളതായി ഒരു ശാസ്ത്രീയ പഠനത്തിലും പറയുന്നില്ല. വീടിനുള്ളിലെ അന്തരീക്ഷം ശാന്തവും സമാധാനപരവും സ്നേഹപൂര്‍ണവുമാക്കാന്‍ ശ്രമിക്കുക. അമ്മ ജോലിക്കു പോയാലും ഇത്തരം വീടുകളിലെ കുഞ്ഞുങ്ങള്‍ സന്തോഷവാന്മാരും ചുറുചുറുക്കുള്ളവരുമായിരിക്കും. പക്ഷേ, സംഘര്‍ഷം നിറഞ്ഞ അവസ്ഥ, അതായത് അമ്മ ജോലിക്കു പോകുന്നത് ഇഷ്ടമല്ലാത്ത കുടുംബാംഗങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷം കുഞ്ഞിനെ വളരെയധികം അസ്വസ്ഥനാക്കും.

കുടുംബാംഗങ്ങളുടെ താത്പര്യത്താല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാവുക, ഭര്‍ത്താവിന് ഭാര്യയെ ജോലിക്കു വിടാന്‍ താത്പര്യമില്ലാതിരിക്കുക, പണത്തിന്‍റെ പിരിമുറുക്കത്താല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാവുന്ന അവസ്ഥ എന്നിവ ഒരു കുഞ്ഞിനെ നന്നായി വളര്‍ത്തുന്നതില്‍ നിന്ന് കടിഞ്ഞാണിടും. ജോലി സ്ഥലത്തെ ടെന്‍ഷനും ഫ്രസ്ട്രേഷനും വീട്ടിലേക്ക് കൊണ്ടുവരാതിരിക്കുക.

കുഞ്ഞിനെ കളിപ്പിക്കുക, ഭക്ഷണം കൊടുക്കുക, അവനെ ശാന്തനാക്കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് പൊതുവെ മാറിനില്‍ക്കുകയായിരുന്നു മുമ്പ് അച്ഛന്മാര്‍. പക്ഷേ, കാലം മാറി, ഇന്ന് ഭര്‍ത്താവും ഭാര്യയും ഒന്നിച്ചാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത്. അതിനാല്‍ ജോലിയെ ഒരു പ്രശ്നമായി കാണരുത്. രണ്ടുപേരുടേയും സഹകരണത്തിലൂടെ നന്നായി ഒരു കുഞ്ഞിനെ വളര്‍ത്താം.

ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന അമ്മയെ പ്രധാനമായും വലയ്ക്കുന്ന ചിന്ത, കുഞ്ഞിനോടൊപ്പം ചെലവഴിക്കാന്‍ സമയം തികയുന്നില്ല എന്നതാണ്. കൂടാതെ കുഞ്ഞിനെ നോക്കുന്ന ആയയോടും അല്ലെങ്കില്‍ അവരുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കുന്നവരോടും സ്വാഭാവികമായി അസൂയ തോന്നാം. പക്ഷേ, ആ ചിന്ത വളരാന്‍ അനുവദിക്കരുത്. കുഞ്ഞ് സന്തോഷത്തോടെയിരിക്കുന്നുണ്ടെങ്കില്‍, വളര്‍ച്ചയുടെ കാര്യത്തില്‍ പ്രശ്നങ്ങളില്ലെങ്കില്‍, ഇത്തരം ചിന്തകള്‍ മനസില്‍ നിന്നു മാറ്റിവയ്ക്കുക.

കുഞ്ഞിനൊപ്പം ചെലവഴിക്കുന്ന സമയം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. ജോലിസ്ഥലത്തെ കാര്യങ്ങളും വീട്ടുജോലികളെക്കുറിച്ചുള്ള ചിന്തകളും മാറ്റി കുഞ്ഞിനോട് സന്തോഷത്തോടെ ഇടപെടുക. കുഞ്ഞിനോടു സംസാരിക്കുകയും അന്നു സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ആരായുകയും ചെയ്യുക. ഈ സമയത്ത് കുഞ്ഞിനെ മാറോടണയ്ക്കുകയും അമ്മയുടെ ചൂട് പകരുകയും ചെയ്യുക. ഇത് കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കുറച്ചു മുതിര്‍ന്നാല്‍ കുട്ടികളെ കൂടുതല്‍ ലാളിക്കരുത്. ഇത് അനാവശ്യമായ വാശികളിലേക്കും പുതിയ ശീലങ്ങളിലേക്കും നയിക്കും. ജോലിക്കു പോകുന്ന അമ്മമാര്‍, സാധാരണയായി കുഞ്ഞുങ്ങള്‍ എന്തു ചോദിച്ചാലും ശരി എന്നു പറയുകയും വാങ്ങിക്കൊടുക്കുകയും ചെയ്യാറുണ്ട്. അനാവശ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

അമ്മ വീട്ടിലില്ലാത്ത സമയത്ത് കുഞ്ഞിനെ പരിചരിക്കുന്നവരുമായി മത്സരിക്കാന്‍ മുതിരാതെ അവരുമായി നല്ലൊരു ബന്ധം സൂക്ഷിച്ചാല്‍ ടെന്‍ഷനില്ലാത്ത വര്‍ക്കിങ് മദറാവാം. ജോലിയേയും കുഞ്ഞിനേയും ഇനി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഇവ രണ്ടും ഒന്നിച്ചുകൊണ്ടു പോകുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നു തിരിച്ചറിയുക

 കടപ്പാട്: മെട്രോ വാര്‍ത്ത .

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites