എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 27 December 2011

കുട്ടിയമ്മേ, ഈ നില്‍ക്കുന്ന മാണിയെ വിവാഹം കഴിക്കാന്‍ സമ്മതമാണോ?


നവംബര്‍ മാസത്തിലെ ഒരു പ്രഭാതം. മരങ്ങാട്ടുപള്ളി പള്ളിയില്‍ ഒരു മനസമ്മതം നടക്കുകയാണ്.

"പൊന്‍കുന്നം വാഴൂരില്‍ തോമസിന്റെയും ക്ളാരമ്മയുടെയും മകളായ കുട്ടിയമ്മേ, ഈ നില്‍ക്കുന്ന കെ.എം. മാണിയെ വിവാഹം കഴിക്കാന്‍ സമ്മതമാണോ?" "സമ്മതമാണ്." നാണത്തില്‍ പൊതിഞ്ഞ ചിരിയോടെയായിരുന്നു കുട്ടിയമ്മയുടെ മറുപടി.

"കോട്ടയം പാലായില്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടേയും മകനായ മാണി, ഈ നില്‍ക്കുന്ന കുട്ടിയമ്മയെ വിവാഹം കഴിക്കാന്‍ സമ്മതമാണോ?" "സമ്മതമാണ്." അന്നേരം കെ.എം. മാണിയെന്ന മാണിച്ചന്റെ മുഖത്ത് ഹൈവോള്‍ട്ടേജ് പുഞ്ചിരിയുണ്ടായിരുന്നു. ആ പുഞ്ചിരിയുടെ കാരണം അറിയാവുന്നവര്‍ കെ.എം. മാണിയും കുട്ടിയമ്മയും മാത്രമായിരുന്നു. നാടറിഞ്ഞ് മനസമ്മതം നടക്കുന്നതിന് മുമ്പ് തന്നെ മറ്റൊരു കാര്യത്തില്‍ മാണിച്ചന്‍ കുട്ടിയമ്മയുടെ മനസമ്മതം ചോദിച്ചിരുന്നു. "എനിക്ക് അല്‍പ്പസ്വല്‍പ്പം രാഷ്ട്രീയമൊക്കെയുണ്ട്. കുട്ടിയമ്മയ്ക്ക് അതില്‍ വിരോധമൊന്നും ഇല്ലല്ലോ?" പെണ്ണുകാണല്‍ ചടങ്ങിനിടെ രഹസ്യമായായിരുന്നു ഈ ചോദ്യം. "രാഷ്ട്രീയം എനിക്ക് ഇഷ്ടമാണ്. നൂറുവട്ടം സമ്മതം" എന്നായിരുന്നു കുട്ടിയമ്മയുടെ മറുപടി.

പെണ്ണുകാണലിന് നല്‍കിയ ആ വാക്ക് കഴിഞ്ഞ 54 വര്‍ഷവും കുട്ടിയമ്മ പാലിച്ചു. 12-ാം തവണയും എം.എല്‍.എയായി അജയ്യനായി നിയമസഭയുടെ പടികയറുമ്പോഴും കൂട്ടായി കുട്ടിയമ്മയുണ്ട്. ഇവരുടെ വിജയദാമ്പത്യത്തെ കുറിച്ച് പാലായില്‍ കേള്‍ക്കുന്ന ഒരു കഥയുണ്ട്. കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നം രണ്ടിലയാണ്. ആ രണ്ടിലകള്‍ മാണിയും ഭാര്യ കുട്ടിയമ്മയുമാണ്. എന്തുതന്നെയായാലും ഇവരുടെ ദാമ്പത്യത്തിന് പറയാന്‍ കഥകള്‍ ഒരുപാടുണ്ട്. സംസ്ഥാന ധനകാര്യമന്ത്രിയായി ചുമതലയേറ്റ കെ.എം. മാണിക്കൊപ്പം തിരുവനന്തപുരത്തെത്തിയ കുട്ടിയമ്മ ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ആ കഥകളുടെ കെട്ടഴിച്ചു.

വിവാഹം

"കല്യാണത്തിന് മുമ്പേ കുഞ്ഞുമാണിച്ചന് ചെറിയ രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നു. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഞങ്ങളുടേത്. വക്കീലാണ് പയ്യന്‍ എന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ പെണ്ണുകാണാന്‍ വന്നപ്പോള്‍ എന്നോട് രഹസ്യമായി രാഷ്ട്രീയക്കാരനാണെന്ന് പറഞ്ഞു. എന്റെ അമ്മയുടെ കുടുംബത്തില്‍ ചിലരൊക്കെ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് രാഷ്ട്രീയം ഇഷ്ടമാണ്.

എന്റെ അച്ഛനും അമ്മയും കൃഷിക്കാരായിരുന്നു. ഒമ്പത് മക്കളില്‍ ഏറ്റവും മൂത്തയാളാണ് ഞാന്‍. എനിക്കിളയത് മൂന്ന് പെണ്ണും അഞ്ച് ആണും. പത്താംക്ളാസ് പാസായി ചങ്ങനാശേരി അസംപ്ഷന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും അപ്പോഴേക്ക് കല്യാണം കഴിഞ്ഞു. അതുകൊണ്ട് പഠിത്തം പൂര്‍ത്തിയാക്കാനായില്ല.

1957 നവംബര്‍ 28ന് മരങ്ങാട്ടുപള്ളി പള്ളിയില്‍ വച്ചായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞ് അഞ്ചുവര്‍ഷം കുഞ്ഞുമാണിച്ചന്റെ (കുട്ടിയമ്മയ്ക്ക് കെ.എം. മാണി കുഞ്ഞുമാണിച്ചനാണ്) മരങ്ങാട്ടുപള്ളിയിലെ തറവാട്ടില്‍ താമസിച്ചു. മാണിച്ചന്റെ വീട്ടില്‍ രണ്ടുപെണ്ണും മൂന്ന് ആണുമാണ് മക്കള്‍. കുഞ്ഞുമാണിച്ചനാണ് ഏറ്റവും ഇളയത്. മരങ്ങാട്ടുപള്ളിയില്‍ വച്ചാണ് മൂത്ത മൂന്നുമക്കളും ജനിച്ചത്- എല്‍സമ്മയും സാലിയും ആനിയും. പിന്നീട് പാലായിലേക്ക് താമസം മാറ്റി.

മരങ്ങാട്ടുപള്ളിയില്‍ താമസിക്കുമ്പോള്‍ വെളുപ്പിന് എഴുന്നേറ്റ് കുഞ്ഞുമാണിച്ചന്‍ വക്കീല്‍പ്പണിക്ക് പാലായിലേക്ക് പോകും. കോടതി പിരിഞ്ഞുകഴിഞ്ഞാല്‍ അല്‍പ്പം രാഷ്ട്രീയമൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രി പതിനൊന്ന് - പന്ത്രണ്ട് മണിയാകും. മക്കളെ ഉറക്കിക്കിടത്തി മാണിച്ചന്‍ വരുന്നതും നോക്കി ഞാനിരിക്കും. ഇതിന്റെ പേരില്‍ മാണിച്ചനെ അമ്മ ഒരുപാട് വഴക്ക് പറയുമായിരുന്നു. വഴക്ക് ഭയന്ന് പലപ്പോഴും പിന്‍വാതില്‍ വഴി രഹസ്യമായാണ് മാണിച്ചന്‍ വരുന്നത്. ശബ്ദമുണ്ടാക്കാതെ ചോറുണ്ട് കിടന്നുറങ്ങും.

1975ലെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് ഞാനും ഇവിടെവന്ന് താമസിക്കുന്നത്. അതിന് മുമ്പ് എം.എല്‍.എ ആയിരുന്നപ്പോള്‍ ഇടയ്ക്കിടയ്ക്ക് വന്നുപോകുമായിരുന്നു."

ചിട്ടകള്‍

അങ്ങനെ ചിട്ടകളൊന്നും പാലിക്കാത്ത ആളാണ് കുഞ്ഞുമാണിച്ചന്‍ എന്നാണ് കുട്ടിയമ്മ പറയുന്നത്. എങ്കിലും അതിന് ചില ചിട്ടകളൊക്കെയുണ്ട്. "പുലര്‍ച്ചെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കും. കുളിയും പ്രഭാതകൃത്യങ്ങളും കഴിഞ്ഞാല്‍ കുറച്ച് സമയം പ്രാര്‍ത്ഥിക്കും. പിന്നെ പത്രം വായന. ഇതിനിടയില്‍ എപ്പോഴെങ്കിലും ഭക്ഷണം കഴിച്ച് പുറത്തേക്ക് പോകും. പോയിക്കഴിഞ്ഞാല്‍ കൃത്യസമയത്ത് ഒന്നും കഴിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് ഭക്ഷണം നിര്‍ബന്ധമായി കഴിപ്പിച്ചേ പുറത്തുവിടാറുള്ളൂ.

കാപ്പിക്ക് ദോശയും ഇഡ്ഡലിയുമാണ് പ്രിയം. ഒപ്പം ചമ്മന്തിയോ സാമ്പാറോ. കപ്പ വേവിച്ചത് കുഞ്ഞുമാണിച്ചന്റെ പ്രിയപ്പെട്ട വിഭവമാണ്. കോട്ടയം സ്റൈലില്‍ കുടംപുളിയൊക്കെയിട്ട് വയ്ക്കുന്ന മീന്‍കറിയും മീന്‍ വറുത്തതുമുണ്ടെങ്കില്‍ കുശാലായി. ഇതിലൊന്നും നിര്‍ബന്ധം പറയാറില്ലെങ്കിലും ഇറച്ചിയോട് അത്ര താത്പര്യമില്ല. അത് കഴിച്ചാല്‍ അത്ര സുഖമില്ല എന്നാണ് പറയാറ്. രാത്രി ദോശയാണ് ഇഷ്ടം." ഇതൊന്നുമില്ലെങ്കിലും മാണിച്ചന് കുഴപ്പമില്ലെന്ന് പറഞ്ഞ് കുട്ടിയമ്മ ചിരിക്കുന്നു.

ആരോഗ്യരഹസ്യം

കെ.എം. മാണിയുടെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ ചിരിയാണ് കുട്ടിയമ്മയുടെ ആദ്യമറുപടി. "രാഷ്ട്രീയമെന്ന് പറഞ്ഞ് ഓടി നടക്കുന്നതും വാതോരാതെ സംസാരിക്കുന്നതുമാകും കുഞ്ഞുമാണിച്ചന്റെ ആരോഗ്യരഹസ്യം. അതുതന്നെ നല്ല എക്സര്‍സൈസല്ലേ. അതൊക്കെ കൊണ്ടാകും പ്രഷര്‍, ഷുഗര്‍ തുടങ്ങിയ ഒരു അസുഖവും കുഞ്ഞുമാണിച്ചനില്ല."

തിരക്കില്‍ പരിഭവമില്ല

എപ്പോഴും തിരക്കുമായി ഓടിനടക്കുന്നയാളെ വീട്ടില്‍ കിട്ടുന്നില്ല എന്ന പരാതിയൊന്നും കുട്ടിയമ്മയ്ക്കില്ല. എത്ര തിരക്കുണ്ടെങ്കിലും വീട്ടുകാരുമായി ചെലവഴിക്കാന്‍ മാണിച്ചന്‍ സമയം കണ്ടെത്താറുണ്ടെന്ന് കുട്ടിയമ്മ പറയുന്നു. "മക്കള്‍ കൊച്ചുകുട്ടികളായിരുന്നപ്പോള്‍ അവരെ സ്കൂളില്‍ കൊണ്ടുവിടാനും വിളിച്ചുകൊണ്ട് വരാനുമൊക്കെ എന്നോടൊപ്പം മാണിച്ചനും കൂടുമായിരുന്നു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഫ്രീയായി വീട്ടില്‍ നില്‍ക്കാന്‍ ശ്രദ്ധിക്കാറുള്ള മാണിച്ചന്‍ ഞങ്ങളെയെല്ലാം കൂട്ടി പലയിടത്തേക്കും യാത്രകളും നടത്തിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തും യാത്രകള്‍ പതിവാണ്. ഓണത്തിനും ക്രിസ്മസിനുമെല്ലാം മക്കളെല്ലാവരും ഒത്തുകൂടാറുണ്ട്.

വിവാഹം കഴിഞ്ഞ ആദ്യകാലത്ത് ചിലപ്പോഴൊക്കെ കുഞ്ഞുമാണിച്ചന്‍ കൂടെയില്ലാത്തതില്‍ വിഷമം തോന്നുമായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. നിത്യതൊഴില്‍ അഭ്യാസമെന്നല്ലേ പറയുന്നത്?" കുട്ടിയമ്മ ചിരിച്ചുകൊണ്ട് ചോദിക്കുന്നു.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥനയാണ് തന്റെ ശക്തിയെന്ന് കുഞ്ഞുമാണിച്ചന്‍ വിശ്വസിക്കുന്നതായി കുട്ടിയമ്മ. "രാഷ്ട്രീയത്തില്‍ പലവിധ പ്രശ്നങ്ങളുണ്ടാകുമ്പോഴും കുഞ്ഞുമാണിച്ചന്‍ ടെന്‍ഷനടിച്ചിരിക്കുന്നത് കണ്ടിട്ടില്ല. ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയാണ് പതിവ്. ചിലപ്പോള്‍ എന്താ കാര്യമെന്ന് എന്നോട് പറയാറുണ്ട്. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നതിനും വര്‍ഷത്തിലൊരിക്കല്‍ വേളാങ്കണ്ണിയില്‍ പോകുന്നതിനും മുടക്കം വരുത്താറില്ല. എല്ലാം ദൈവാനുഗ്രഹത്താല്‍ ശരിയാകുമെന്ന ശുഭാപ്തി വിശ്വാസക്കാരനാണ് മാണിച്ചന്‍."

ജൂബാധാരി

കെ.എം. മാണി എന്താണ് ജൂബാ ധരിക്കുന്നത് എന്ന് കുട്ടിയമ്മ ഒരിക്കലും ചോദിച്ചിട്ടില്ല.
അതിന്റെ കാരണം അറിയണമെന്ന് തോന്നിയിട്ടില്ല എന്നാണ് കുട്ടിയമ്മ പറയുന്നത്. "കല്യാണത്തിന് ജൂബായൊന്നുമല്ലായിരുന്നു. അന്നൊക്കെ മറ്റ് വേഷങ്ങളും ധരിക്കുമായിരുന്നു. എന്നാല്‍ സജീവരാഷ്ട്രീയത്തിലേക്ക് ചാടിക്കഴിഞ്ഞ് ജൂബാ അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കായി. വെള്ള ജൂബയും മുണ്ടുമാണ് എവിടെ പോയാലും വേഷം. തണുപ്പോ മറ്റോ സഹിക്കാന്‍ പറ്റാതെ വന്നാല്‍ മുകളില്‍ സ്വെറ്റര്‍ ധരിക്കുമെന്നല്ലാതെ വേഷം മാറാറില്ല. വത്തിക്കാനില്‍ പോപ്പിനെ കാണാന്‍ പോയപ്പോള്‍ മാത്രമാണ് കോട്ടിട്ടത്. അതിനും കാരണം പറഞ്ഞത് തണുപ്പായിരുന്നു എന്നാണ്."

മകന്‍ രാഷ്ട്രീയം

അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ ജോസും രാഷ്ട്രീയത്തില്‍ വന്നതിന് തനിക്ക് സന്തോഷം തന്നെയെന്ന് കുട്ടിയമ്മ. "അഞ്ച് പെണ്‍മക്കളും ഒരു മോനുമാണ് ഞങ്ങള്‍ക്ക്. മൂത്തമകള്‍ എത്സമ്മ കോളേജ് യൂണിയന്‍ കൌണ്‍സിലറൊക്കെ ആയിരുന്നു. പക്ഷേ, കല്യാണത്തോടെ രാഷ്ട്രീയം ഉപേക്ഷിച്ചു. ജോമോന്‍ (ജോസ് കെ. മാണി) രാഷ്ട്രീയത്തില്‍ വന്നതിലും എനിക്ക് സമ്മതം തന്നെ."

കുടുംബം

"ആറ് മക്കളാണ് ഞങ്ങള്‍ക്ക്. അഞ്ച് പെണ്‍മക്കളും ഒരു മോനും. മൂത്ത മകളുടെ പേര് എത്സമ്മ. തോംസണ്‍ ജേക്കബ് ആണ് എത്സമ്മയുടെ ഭര്‍ത്താവ്. അവര്‍ക്ക് രണ്ട് മക്കള്‍- സുനിലും നീതുവും. രണ്ടാമത്തെ മകള്‍ സാലിയുടെ ഭര്‍ത്താവ് എം.പി. ജോസഫ് ഐ.എ.എസ്. അവര്‍ക്കും രണ്ട് മക്കള്‍- പോളും നിധിയും. മൂന്നാമത്തെ മകള്‍ ആനിയുടെ ഭര്‍ത്താവ് സേവ്യര്‍ മാത്യു. അവര്‍ക്കും രണ്ട് മക്കള്‍ തന്നെ- തേജസും നമിതയും. അതിന് ശേഷമുള്ളതാണ് ജോമോന്‍ എന്ന ചെല്ലപ്പേരുള്ള ജോസ് കെ. മാണി. ജോമോന്റെ ഭാര്യ നിഷ. അവരുടെ മക്കളാണ് പ്രിയങ്കയും റിഥികയും കുഞ്ഞുമാണിയും. അതിനിളയത് ടെസി. ഭര്‍ത്താവ് ഡോക്ടര്‍ സുനില്‍ ജോര്‍ജ്. ഒരു മകള്‍- ശ്രുതി. ഏറ്റവും ഇളയമകള്‍ സ്മിതയുടെ ഭര്‍ത്താവ് രാജേഷ്. അവരുടെ മക്കള്‍- റിയ, പീറ്റര്‍, ട്രിഷ.

മക്കള്‍ക്കൊക്കെ പേരിട്ടത് കുഞ്ഞുമാണിച്ചന്‍ തന്നെയാണ്. ഞങ്ങളുടെ ആചാരപ്രകാരം ആണ്‍മക്കളുടെ മക്കള്‍ക്ക് അച്ഛന്റെ അമ്മയുടെയും അച്ഛന്റെയും പേരും പെണ്‍മക്കളുടെ മക്കള്‍ക്ക് അമ്മയുടെ അച്ഛന്റെയും അമ്മയുടെയും പേരുമാണ് ഇടുന്നത്. അങ്ങനെയാണ് ജോമോന്റെ മകന്‍ കുഞ്ഞുമാണി ആയത്. കൊച്ചുമക്കളോടൊപ്പം ചെലവിടാന്‍ എന്ത് തിരക്ക് മാറ്റിവച്ചും മാണിച്ചന്‍ ഓടിയെത്തും. വിവാഹവാര്‍ഷികം, ഓണം, ക്രിസ്മസ് എന്നിവയൊന്നും മുടക്കാറില്ല."

സമ്മാനങ്ങള്‍

"തിരക്കുപിടിച്ച യാത്രയാണെങ്കില്‍ തിരികെ വരുമ്പോള്‍ വെറും കൈയോടെയാകും മാണിച്ചന്‍ വരിക. പക്ഷേ, വിദേശത്ത് പോയിവരുമ്പോള്‍ നാട്ടില്‍ കിട്ടാത്ത എന്തെങ്കിലുമൊക്കെ വാങ്ങിവരാന്‍ മറക്കാറില്ല." സമ്മാനങ്ങള്‍ ഒരുപാട് കിട്ടിയിട്ടുണ്ടെങ്കിലും അത് എന്തൊക്കെയാണെന്ന് പറയാന്‍ കുട്ടിയമ്മ തയ്യാറല്ല.

വീണ്ടും ധനമന്ത്രിപദത്തില്‍ എത്തുന്ന കെ. എം. മാണിയുടെ വീട്ടിലെ ആഭ്യന്തര -ധനകാര്യവകുപ്പുകള്‍ കുട്ടിയമ്മയുടെ കൈയില്‍ ഭദ്രം. ഈ രണ്ട് വകുപ്പുകളിലും മാണിച്ചന്‍ കുട്ടിയമ്മയ്ക്ക് സ്വതന്ത്ര ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ പാളിച്ച വരില്ലായെന്ന് അദ്ദേഹത്തിന് അറിയാം; 54 വര്‍ഷത്തെ ഉറപ്പാണ് അക്കാര്യത്തില്‍ കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചനുള്ളത്.

കടപ്പാട് കേരളകൌമുദി ആഴ്ചപ്പതിപ്പ്

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites