എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 13 March 2012

ആദായ നികുതി -80 സി കിഴിവുകള്‍ കണക്കാക്കുക.


ഇന്‍കം ടാക്സ് റിട്ടേണ്‍ കൊടുക്കുന്നതിനു മുന്‍പ് എല്‍ഐസി പ്രീമിയം അടച്ച തുകയ്ക്ക് ഏതു വര്‍ഷമാണു  കിഴിവു ലഭിക്കുക?  നികുതി കുറയ്ക്കുവാന്‍ മറ്റേതെല്ലാം നിക്ഷേപങ്ങളാണുള്ളത്?



കിഴിവു നിക്ഷേപം നടത്തുന്ന വര്‍ഷം നികുതി കിഴിവിന് അര്‍ഹതയുള്ള നിക്ഷേപങ്ങളും ചെലവുകളും ഏതു സാമ്പത്തിക വര്‍ഷമാണോ നടത്തുന്നത് ആ സാമ്പത്തിക വര്‍ഷം മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.  അനുവദനീയമായ പരിധിക്കു മുകളില്‍ നിക്ഷേപം നടത്തിയാലും അടുത്ത സാമ്പത്തിക വര്‍ഷം അധിക നിക്ഷേപത്തിന്റെ ആനൂകൂല്യം തേടാനാവില്ല. യഥാര്‍ഥത്തില്‍ അടച്ച തുകയ്ക്കു മാത്രമാണു  കിഴിവു ലഭിക്കുക.



80 സി കിഴിവുകള്‍ ആര്‍ക്കൊക്കെ?



ആദായ നികുതി നിയമമനുസരിച്ചു വകുപ്പ് 80 സി അനുസരിച്ചുള്ള കിഴിവു വ്യക്തികള്‍ക്കും  ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും മാത്രമാണു ലഭിക്കുക. അനുവദനീയമായ ഏതെങ്കിലും നിക്ഷേപത്തിനോ അഥവാ ചെലവിനോ ഒറ്റയ്ക്കായോ അല്ലെങ്കില്‍ അവയെല്ലാം  കൂട്ടായി ചേര്‍ത്തു പരമാവധി ഒരു ലക്ഷം  രൂപവരെയാണു കിഴിവു ലഭിക്കുക. നികുതിദായകന്റെ  മൊത്തം വരുമാനത്തില്‍ നിന്നാണ് ഇൌ കിഴിവു കണക്കാക്കുക. നിക്ഷേപങ്ങളും ചെലവുകളും നികുതി ദായകന്റെ നികുതി വിധേയവരുമാനത്തില്‍ നിന്നു തന്നെയായിരിക്കണമെന്നു നിര്‍ബന്ധമില്ല. കിഴിവു ലഭിക്കാന്‍ കണക്കിലെടുക്കുന്ന നിക്ഷേപങ്ങള്‍ താഴെ പറയുന്നവയാണ്.

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം - വ്യക്തികള്‍ തന്റെയോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരില്‍ എടുക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ  പ്രീമിയത്തിനു നികുതി കിഴിവു ലഭിക്കും. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെയും  സ്വകാര്യ മേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെയും എല്ലാത്തരം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെയും പ്രീമിയം ഇളവിനു കണക്കാക്കും. ഇതിനു പുറമെ യൂണിറ്റ് ട്രസ്റ്റ് ഒാഫ് ഇന്ത്യ (യുടിഐ) യുടെയും എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്റെയും  (ധനരക്ഷ പ്ലാന്‍) യൂണിറ്റ് അധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി (യുലിപ്) യില്‍  അടയ്ക്കുന്ന തുകയ്ക്കും കിഴിവിന്  അര്‍ഹതയുണ്ട്.



അതുപോലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ മുന്‍കൂര്‍ പണം വാങ്ങാന്‍ അനുവദിക്കാത്ത ഡെഫേര്‍ഡ് ആന്വിറ്റി പദ്ധതികളിലേക്കും എല്‍ഐസി യുടെ ജീവന്‍ ധാര, ജീവന്‍ അക്ഷയ് തുടങ്ങിയ ആന്വിറ്റി പദ്ധതികളിലേക്കു നല്‍കുന്ന തുകയ്ക്കും മേല്‍പറഞ്ഞ  ആനുകൂല്യം ലഭിക്കും.



എന്നാല്‍ ഒരു വര്‍ഷം മൊത്തം അടയ്ക്കേണ്ട പ്രീമിയം ഇന്‍ഷുറന്‍സ് തുകയുടെ  (സം അഷ്വേര്‍ഡ് ) 20% വരെ മാത്രമേ നികുതി കിഴിവിനായി പരിഗണിക്കുകയുള്ളൂ.  ഇതിനായി  ഇന്‍ഷുറന്‍സ് തുക കണക്കാക്കുമ്പോള്‍ ബോണസും തിരികെ കിട്ടുന്ന പ്രീമിയവും  ഉള്‍പ്പെടുത്താന്‍ പാടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരവും വ്യക്തികള്‍ കുട്ടികളുടെ  ഡെഫേഡ്  എന്‍ഡോവ്മെന്റ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരവും നല്‍കുന്ന പ്രീമിയത്തിനും  കിഴിവു ലഭിക്കും. മക്കളുടെ  പേരില്‍ എടുക്കുന്ന പോളിസിയുടെ പ്രീമിയത്തിനു കിഴിവു നേടുമ്പോള്‍ അവര്‍ വിവാഹിതരോ അവിവാഹിതരോ പ്രായപൂര്‍ത്തിയായവരോ അല്ലാത്തവരോ, ആണ്‍ുകുട്ടികളോ പെണ്‍കുട്ടികളോ മാതാപിതാക്കളെ ആശ്രയിച്ചു ജീവിക്കുന്നവരോ അല്ലാത്തവരോ ആകാം.



എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ്  പോളിസിയുടെ  കാര്യത്തില്‍ കുറഞ്ഞതു രണ്ടൂ വര്‍ഷമെങ്കിലും  തുടര്‍ച്ചയായി പോളിസി നിലനിര്‍ത്തിയില്ലെങ്കില്‍ മുന്‍ വര്‍ഷം അനുവദിച്ച കിഴിവു പോളിസി അസാധുവായ വര്‍ഷത്തെ വരുമാനമായി കണക്കാക്കി നികുതി നല്‍കണം. അതുപോലെ യൂണിറ്റ് അധിഷ്ഠിത ഇന്‍ഷുറന്‍സ് പോളിസികള്‍ സജീവമായി നിലനിര്‍ത്തേണ്ട കുറഞ്ഞ കാലം അഞ്ചു വര്‍ഷമാണ്.



മറ്റു നിക്ഷേപങ്ങള്‍



എട്ടാമതു  ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ്  (എന്‍എസ് സി ര്‍ണ്ടണ്ടണ്ട ഇഷ്യൂ) നിക്ഷേപവും അതിന്റെ വാര്‍ഷിക പലിശയ്ക്കും 15 വര്‍ഷത്തെ പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിനും കിഴിവു ലഭിക്കും.



പിപിഎഫ് (ഇന്നലത്തെ സാമ്പത്തികം പേജ് കാണുക), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ  ആന്വിറ്റി പദ്ധതി, യൂണിറ്റ് ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെയും മ്യൂച്വല്‍ ഫണ്ടുകളുടെയും നിര്‍ദിഷ്ട യൂണിറ്റ് അഥവാ പെന്‍ഷന്‍ ഫണ്ട് തുടങ്ങിയവയിലെ നിക്ഷേപം, ബാങ്കുകളിലെ അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപം,  വൈദ്യുതി മേഖല ഉള്‍പ്പെടെയുള്ള  അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള കമ്പനികളുടെ കടപ്പത്രത്തിലും (ഡിബഞ്ചര്‍) ഒാഹരികളിലുമുള്ള  നിക്ഷേപം, ഇതേ ആവശ്യത്തിനായി പണം ഉപയോഗിക്കുന്ന മ്യൂച്വല്‍ ഫണ്ടിലെ യൂണിറ്റുകളിലുള്ള  നിക്ഷേപം, ഹഡ്കോയുടെയും ഭവന നിര്‍മാണ ബോര്‍ഡുകളിലെയും പദ്ധതികളിലുള്ള നിക്ഷേപം, ദേശീയ ഭവന ബാങ്കിന്റെ ഭവന വായ്പാ പദ്ധതി (ഹോം ലോണ്‍ അക്കൌണ്ട് സ്കീം)യിലെയും പെന്‍ഷന്‍ ഫണ്ടിലെയും  നിക്ഷേപം തുടങ്ങിയവയ്ക്കും കിഴിവു ലഭിക്കും.



യൂണിറ്റ് ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെയും എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്റെയും യൂണിറ്റ് ബന്ധിത (ലിങ്ക്ഡ്) ഇന്‍ഷുറന്‍സ് പദ്ധതിയിലെ നിക്ഷേപവും കിഴിവിന് അര്‍ഹമാണ്.



കിഴിവു ലഭിക്കുന്ന മറ്റു  ചെലവുകള്‍



നിര്‍ദിഷ്ട നിക്ഷേപങ്ങള്‍ക്കു പുറമെ രണ്ടു മക്കളുടെ  ഇന്ത്യയിലെ മുഴുവന്‍ സമയ വിദ്യാഭ്യാസത്തിനുള്ള ട്യൂഷന്‍ ഫീസ്, ഭവന വായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്, വീടു സ്വന്തം പേരില്‍ റജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള  ഫീസിന്റെയും  മുദ്രപത്രത്തിന്റെയും  തുക തുടങ്ങിയ ചെലവുകളെയാണു  വകുപ്പ് 80 സി യുടെ കിഴിവു പരിഗണിക്കുക.



ബോണ്ടിലെ നിക്ഷേപം



ദീര്‍ഘകാലാടിസ്ഥാന സൌകര്യ വികസനത്തിനായുള്ള നിര്‍ദിഷ്ട ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന തുകയ്ക്കു പ്രതിവര്‍ഷം 20,000  രൂപവരെ പ്രത്യേക  കിഴിവു ലഭ്യമാണ്.   കേന്ദ്ര സര്‍ക്കാര്‍ ഇതിലേക്കായി പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടുള്ള ബോണ്ടുകളിലുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമാണ് 80 സിസിഎഫ് അനുസരിച്ചുള്ള നികുതി കിഴിവ്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites