എം ജി യുണിവേഴ്സിടിയില്‍ ചട്ടവിരുദ്ധമായി നടത്തിയെന്ന് ആക്ഷേപമുള്ള Deputy Librarian നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
« »
എം ജി യൂണിവേഴ്സിറ്റിയില്‍ എന്ത് സംഭവിച്ചു ? മലയാളം വാരികയില്‍ വന്ന, എം ജി സിണ്ടിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസിന്റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, 9 November 2011

സന്തോഷ് പണ്ഡിറ്റ്: മലയാള സിനിമയിലെ "ഇതിഹാസം"








നമ്മുടെ മുഖ്യധാര സിനിമക്കാരും സന്തോഷ് പണ്ഡിറ്റും തമ്മിലുള്ള സാമ്യമെന്താണ്. സത്യസന്ധമായി വിലയിരുത്തിയാല്‍ ഒരുപാട് സമാനതകള്‍ ഇവര്‍ക്കിടയില്‍ ഉണ്െടന്നു തന്നെ പറയണം.

മുഖ്യധാര സിനിമക്കാരും പടം പിടിക്കുന്നു. സന്തോഷ് പണ്ഡിറ്റും ഒരു പടം പിടിച്ചു.

നമ്മുടെ മുഖ്യധാര സിനിമക്കാരുടെ പടങ്ങള്‍ ബഹുഭൂരിപക്ഷവും കാശിന് കൊള്ളില്ല. അതുപോലെ തന്നെ സന്തോഷ് പണ്ഡിറ്റിന്റെ പടവും കാശിന് കൊള്ളില്ല.

നമ്മുടെ മുഖ്യധാര സിനിമകള്‍ മിക്കവക്കും യാതൊരു നിലവാരവുമില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്കും നിലവാരമില്ല.

സിനിമ റിലീസ് ചെയ്തുകഴിഞ്ഞാല്‍ നമ്മുടെ മുഖ്യധാര സിനിമക്കാര്‍ ചാനലുകളില്‍ വന്നിരുന്ന് മണ്ടത്തരങ്ങള്‍ വിളമ്പുന്നു. സന്തോഷ് പണ്ഡിറ്റും അതു തന്നെ ചെയ്യുന്നു.

ഇനി ഇവര്‍ തമ്മിലുള്ള വ്യത്യാസമെന്താണ്. നമ്മുടെ മുഖ്യധാര സിനിമക്കാരില്‍ പലരും അന്യഭാഷയില്‍ നിന്നും കോപ്പിയടിച്ച് സിനിമ ചെയ്യുന്നു. പക്ഷെ സന്തോഷ് പണ്ഡിറ്റ് കോപ്പിയടിക്കാതെ സിനിമക്ക് തിരക്കഥയും സംവിധാനവും ഒരുക്കി.

നമ്മുടെ മുഖ്യധാര സിനിമക്കാരുടെ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി പൃഥ്വിരാജ് അടക്കം നിരന്നു നിന്നാലും സിനിമ വിജയിക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല. എന്നാല്‍ സന്തോഷ് പണ്ഡിറ്റോ, അയാള്‍ തന്റെ സിനിമ റിലീസിനു മുമ്പേ സാമ്പത്തിക ലാഭമാക്കിയെടുത്തു.

കേരളത്തില്‍ സന്തോഷ് പണ്ഡിറ്റ് ഒരു സംഭവമാകാന്‍ ഇത്രയുമൊക്കെ പോരെ. ചാനലുകളായ ചാനലുകളെല്ലാം സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖങ്ങള്‍ കൊടുക്കുന്നു. മമ്മൂട്ടിയും, മോഹന്‍ലാലും, പൃഥ്വിരാജും, ജയസൂര്യയും, സത്യന്‍ അന്തിക്കാടും, രഞ്ജിത്തും, ഷാജി കൈലാസും, ബി.ഉണ്ണികൃഷ്ണനും, സജി സുരേന്ദ്രനുമൊക്കെ ഇരുന്ന അതേ ചാനല്‍ കസേരകളില്‍ ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ഇരിക്കുന്നു. ന്യൂസ് നൈറ്റുകളില്‍ സന്തോഷ് പണ്ഡിറ്റ് ചര്‍ച്ചയാകുന്നു. തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ സന്തോഷ് പണ്ഡിറ്റും സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നു. മലയാളി യുവത്വം ഇന്റര്‍നെറ്റില്‍ പൃഥ്വിരാജിനെ കളിയാക്കുന്നതു പോലെ തന്നെ സന്തോഷ് പണ്ഡിറ്റിനെയും കളിയാക്കുന്നു. ഓരോ കളിയാക്കലും സന്തോഷ് പണ്ഡിറ്റിനെ പ്രസിദ്ധ(?)നാക്കി എന്നതാണ് മറ്റൊരു സത്യം.

ചുരുക്കത്തില്‍ നമ്മുടെ നമ്മുടെ മലയാള സിനിമക്കാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന പ്രസിദ്ധനു(?) മുമ്പില്‍ നാണിച്ചു തല താഴ്ത്തുന്നു. ഇവന്‍ ഇങ്ങനെ കേറിയങ്ങ് വിലസുമെന്ന് നേരത്തെ ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ 'ഈ മലയാള സിനിമയിലേക്ക് നീ കയറിപ്പോകരുതെന്ന്' അമ്മയും, ഫെഫ്കയും, പ്രൊഡ്യൂസര്‍ അസോസിയേഷനും ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിന് സംയുക്ത ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേനെ. എന്നാല്‍ അതിനു സാധിക്കാതെ ബി.ഉണ്ണികൃഷ്ണന്‍, സുരേഷ്കുമാര്‍, ഇന്നസെന്റ് എന്നീ പ്രസിഡന്റുമാര്‍ ഇളഭ്യരായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഒരു മലയാള സിനിമ തുടങ്ങുന്നതിന് മുമ്പ് മലയാളത്തിലെ ചലച്ചിത്ര സംഘടന തലവന്‍മാര്‍ എല്ലാം പങ്കെടുക്കുന്ന പൂജ എന്നൊരു ചടങ്ങും ശേഷം സര്‍വ്വാണി സദ്യയുമുണ്ട്. സന്തോഷ് പണ്ഡിറ്റാകട്ടെ പൂജയും നടത്തിയില്ല, ആര്‍ക്കും സര്‍വ്വാണി സദ്യയും കൊടുത്തില്ല. സര്‍വ്വാണിസദ്യ തന്നില്ലെങ്കില്‍ സിനിമ ചെയ്യിക്കില്ല, സിനിമയില്‍ അഭിനയിപ്പിക്കില്ല തുടങ്ങിയ ഭീഷണികള്‍ സന്തോഷ് പണ്ഡിറ്റ് മൈന്‍ഡ് ചെയ്തതേയില്ല. ഒരു സര്‍വ്വാണി സദ്യയൂണ് മിസായിപോയതില്‍ മലയാളത്തിലെ ബാക്കി സിനിമക്കാര്‍ സന്തോഷ് പണ്ഡിറ്റിനോട് പൊറുക്കട്ടെ.

മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍, അത് പ്രേക്ഷകരെ കാണിക്കാന്‍ അമ്മയിലും, ഫെഫ്കയിലും, പ്രൊഡ്യൂസര്‍ അസോസിയേഷനിലും ഒന്നും ഒരുവിധ മെമ്പര്‍ഷിപ്പുകളും വേണ്ട എന്ന് ഇതിനോടകം നാട്ടുകാര്‍ക്ക് മനസിലാക്കിക്കൊടുത്തു എന്നതാണ് സന്തോഷ് പണ്ഡിറ്റ് ചെയ്ത പുണ്യപ്രവൃത്തി.

ഇന്ത്യകണ്ട ഏറ്റവും മോശം മലയാള സിനിമകളും തീയേറ്ററിലെത്തിയപ്പോള്‍ കാണാന്‍ പത്തുപേരുണ്ടായതെങ്ങനെയും ഇ നിഷ്യല്‍ കളക്ഷന്‍ കിട്ടിയതെങ്ങനെ എന്നും മനസിലായത് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ എത്തിയപ്പോഴാണ്. കേരളത്തില്‍ എന്ത് കോപ്രായവും സിനിമയാണെന്ന് പറഞ്ഞ് ഇറക്കിയാല്‍ കാണാന്‍ കുറച്ചാളുകൂടും എന്നൊരു പ്രതിഭാസം തന്നെയുണ്ട് എന്ന് ഇപ്പോഴാണ് മനസിലായത്. തമിഴ്നാട്ടിലെപ്പോലെ ജയ് വിളിക്കാനല്ല മറിച്ച് കൂവി രസിക്കാനാണ് ആളുകള്‍ കൂടുന്നതെന്ന് മാത്രം.

പിന്നെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ എങ്ങനെയുണ്െടന്ന ചോദ്യമാണ് അടുത്തത്. സിനിമ എന്നൊന്നും അതിനെ വിളിക്കാന്‍ പറ്റില്ല എന്നതാണ് സത്യം. പക്ഷെ അങ്ങനെ നോക്കി കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഒരു വര്‍ഷം സിനിമയുടെ ഗണത്തില്‍ പെടുത്താവുന്നതായി പത്തില്‍ താഴെ പടങ്ങളേ കാണു. താന്തോന്നിയും, ത്രില്ലറും, ഡോക്ടര്‍ ലൌവും, സാന്‍വിച്ചും, ചൈനാ ടൌണും, മായാബസാറും തേജാഭായിയും പാച്ചുവും കോവാലനും, ഫോര്‍ ഫ്രെണ്ട്സുമൊക്കെ യാതൊരു നാണവും മാനവുമില്ലാതെ സിനിമയെന്ന പേരില്‍ റിലീസ് ചെയ്തു പോരുന്ന മലയാള സിനിമയില്‍ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും ഒരു സിനിമ തന്നെയെന്ന് അംഗീകരിച്ചേ പറ്റു.

ഇനി ഏറെ കൌതുകം തോന്നുന്ന ഒരു കൂട്ടം പറയാം. പൃഥ്വിരാജ് നായകനായി അമല്‍നീരദ് എന്ന സിനിമയുടെ റിലീസ് ദിവസം. മികച്ച ഇനിഷ്യന്‍ കളക്ഷനാണ് അന്‍വര്‍ എന്ന സിനിമ നേടിയത്. അപ്പോഴുണ്ട് സംവിധായകന്‍ അമല്‍ നീരദിന്റെയും പൃഥ്വിരാജിന്റെയും പ്രസ്താവന വരുന്നു. ഞങ്ങളുടെ അന്‍വര്‍ മത്സരിക്കുന്നത് രജനികാന്തിന്റെ റോബോട്ടിനോടാണ് എന്ന്. മൂന്ന് ദിവസത്തെ ഇന്‍ഷ്യല്‍ കളക്ഷന്‍ കണ്ടപ്പോള്‍ ശരിക്കും ഒരു മത്സരം നടന്നതു തന്നെ എന്ന് നാട്ടുകാരും കരുതി. പക്ഷെ നാലാമത്തെ ദിവസം അന്‍വര്‍ പെട്ടിയിലായി. കോടികളുടെ നഷ്ടമുണ്ടാക്കുന്നതില്‍ അന്‍വര്‍ ചരിത്രമായി. ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ സംവിധായകനെ ചീത്ത വിളിച്ചു നാടുമുഴുവന്‍ നടന്നു.

ഇനി തൃശ്ശൂര്‍ ജില്ലയില്‍ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും റിലീസ് ചെയ്ത തീയേറ്ററിന്റെ ഉടമയുടെ വാക്കുകള്‍ ശ്രദ്ധിക്കാം. പ്രസ്തുത തീയേറ്ററില്‍ ഇന്നോളം ലഭിച്ച ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷന്‍ റിക്കോര്‍ഡ് രജനികാന്തിന്റെ റോബോട്ടിനാണ്. പക്ഷെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ മൂന്ന് ദിവസം കൊണ്ട് റോബോട്ടിന്റെ കളക്ഷന്‍ മറികടന്നു. ഇനിയിപ്പോള്‍ പ്രേക്ഷകര്‍ ആലോചിക്കട്ടെ, ആരാണ് ശരിക്കും കേമന്‍ എന്ന്. ശരാശരി കണക്കെടുത്താല്‍ മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളുടെ ഇനിഷ്യല്‍ കളക്ഷന്‍ സന്തോഷ് പണ്ഡിറ്റ് നേടിയിരിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം കൃഷ്ണനും രാധയും റിലീസ് ചെയ്ത മൂന്ന് സെന്ററുകളിലും വന്‍ ജനക്കൂട്ടത്തെ (കൂവിവിളിക്കാനാണെങ്കിലും) സൃഷ്ടിക്കുമ്പോള്‍ ഒരു സിനിമ സാമ്പത്തികമായി വിജയം നേടുകയാണിവിടെ.

യൂട്യൂബില്‍ ഏറ്റവും മോശം ആല്‍ബം എന്ന വിധിയെഴുത്ത് നേടിയ സില്‍സിലക്ക് ശേഷം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ആരോ കൌതുകത്തിന് ചെയ്ത ആല്‍ബമായിരിക്കുമെന്നാണ് ആദ്യം കരുതപ്പെട്ടത്. എന്നാല്‍ ഒന്നിന് പിറകെ ഒന്നായി സന്തോഷ് പണ്ഡിറ്റ് എന്ന പേരില്‍ ഗാനങ്ങള്‍ എത്തിയപ്പോള്‍ സന്തോഷ് പണ്ഡിറ്റും ഹിറ്റായി തുടങ്ങി. ഏറ്റവും മോശം ഗാനങ്ങളുടെ പേരിലാണ് പ്രശസ്തി നേടിയത് എന്ന് മാത്രം. സില്‍സിലക്ക് കിട്ടിയതിന്റെ പത്തിരട്ടി സന്തോഷ് പണ്ഡിറ്റിന് കിട്ടി. എന്നാല്‍ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് മുഖേനെ തന്റെ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പു തന്നെ നല്ല സാമ്പത്തിക ലാഭം സന്തോഷ് പണ്ഡിറ്റ് നേടി. ഭാഗ്യത്തിന് സംഭവിച്ചു പോയതാണെങ്കിലും സന്തോഷ് പണ്ഡിറ്റ് സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതാണ് സത്യം. ഈ സാമ്പത്തിക നേട്ടം കാണുമ്പോള്‍ മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കള്‍ കൊതിക്കുന്നുണ്ടാകുമെന്ന് തീര്‍ച്ച.

യുട്യൂബിലും ഫേസ്ബുക്കിലും കൂടിയും അല്ലാതെ നേരിട്ടും സന്തോഷ് പണ്ഡിറ്റ് ന്യായമായ ചീത്തവിളികേട്ടു എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. എന്നാല്‍ അപഹസിക്കപ്പെടുമ്പോഴും നിശബ്ദനായി ഇരിക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് തന്റെ സിനിമ ദിപാവലിക്ക് മുമ്പ് റിലീസിനെത്തുമെന്ന് സന്തോഷ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ ആരും കാര്യമായിട്ടെടുത്തില്ല. എന്നാല്‍ സന്തോഷ് പറഞ്ഞത് സത്യമായിരിക്കുന്നു.

മൂന്ന് തീയേറ്ററുകളാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ റിലീസിനെടുത്തത്. മൂന്ന് തീയേറ്ററുകള്‍ ഈ സിനിമക്ക് എങ്ങനെകിട്ടിയെന്ന് ഏവരും അത്ഭുതപ്പെട്ട് നോക്കിയപ്പോഴാണ് കേരളത്തിലെ ചലച്ചിത്രലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു അത്ഭുതം സംഭവിച്ചത്. ചിത്രം വന്‍ ഇനിഷ്യന്‍ കളക്ഷനാണ് മൂന്ന് തീയേറ്ററിലും സൃഷ്ടിച്ചത്.

മൂന്ന് തീയേറ്ററുകളിലും എല്ലാ ഷോകളും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തീയേറ്ററിനുള്ളില്‍ കൂവലുകളും ബഹളങ്ങളും മാത്രമേയുള്ളുവെങ്കിലും ചിത്രം പ്രദര്‍ശനത്തിനെടുത്ത മൂന്ന് തീയേറ്ററുകാരും ഹാപ്പിയാണ്. തൃശ്ശൂരില്‍ സന്തോഷിന്റെ സിനിമ വിതരണത്തിനെടുത്ത തീയേറ്ററുകാര്‍ പറഞ്ഞത് രജനികാന്തിന്റെ റോബോട്ട് നേടിയ ഇനിഷ്യല്‍ കളക്ഷന്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ മറികടന്നു വെന്നാണ്. സംഗതി സത്യവുമാണ്. മറ്റൊന്ന് ശരാശരി കണക്കെടുത്താല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമക്ക് ലഭിക്കുന്ന ഇനിഷ്യല്‍ കളക്ഷന്‍ സന്തോഷിനും ലഭിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയം.

എറണാകുളത്തെ തീയേറ്ററിലാകട്ടെ ജനത്തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ ഷോയ്ക്കും പോലീസ് എത്തേണ്ടിയും വന്നു. ചിത്രം റിലീസ് ചെയ്തിട്ട് മൂന്ന് നാല് ദിവസങ്ങള്‍ പിന്നിടുമ്പോഴും തിരക്കിന് യാതൊരു കുറവുമില്ല. ആര്‍ത്തുവിളിക്കുന്ന കൂവിവിളികളും സന്തോഷ് പണ്ഡിറ്റിനെതിരെയുള്ള ആക്രോശങ്ങളുമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും എങ്കിലും സിനിമ കാണാന്‍ ആളെത്തിയിരിക്കുന്നു എന്നത് സന്തോഷ് പണ്ഡിറ്റിന്റെ പോക്കറ്റില്‍ കാശുവിഴ്ത്തിയിരിക്കുന്നു. ചിത്രത്തിന്റെ വിതരണവും സന്തോഷ് നേരിട്ടാണ് എന്നതുകൊണ്ട് നല്ല സാമ്പത്തിക നേട്ടം തന്നെയാണ് സന്തോഷിന്.

ഇവിടെ മനസിലാക്കേണ്ട മറ്റൊരു വസ്തുത നമ്മുടെ മുഖ്യധാര സിനിമകള്‍ ചിലത് തീയേറ്ററില്‍ വന്‍ ഇന്‍ഷ്യല്‍ കളക്ഷന്‍ സൃഷ്ടിക്കുമ്പോള്‍ അതിന്റെ സംവിധായകരും താരങ്ങളും ഒരുപാട് ആവേശം കൊള്ളാറുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഈ സിനിമകളൊക്കെ തീയേറ്റര്‍ വിടുമ്പോഴും ഇനിഷ്യല്‍ കളക്ഷന്‍ നേടി എന്നതാണ് സിനിമക്കാര്‍ പൊതുവേ ചൂണ്ടിക്കാട്ടാറുള്ളത്. എന്നാലിപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയും ഇനിഷ്യല്‍ കളക്ഷന്‍ നേടിയിരിക്കുന്നു എന്നതുകൊണ്ട് ഈ വക കാര്യങ്ങളിലൊന്നും യാതൊരു കഴമ്പുമില്ല എന്നത് വ്യക്തമായിരിക്കുന്നു. 


കടപ്പാട് :രാഷ്ട്ര ദീപിക സിനിമ

0 comments:

Post a Comment

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ..

Share

Twitter Delicious Facebook Digg Stumbleupon Favorites